അക്ഷരശ്ലോകം
  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ശ്ലോകംന്നു അല്ലെ ഉള്ളൂ .അല്ലാതെ മലയാളം വേണന്നു പറഞ്ഞുവോ ? മലയാളം എന്നാ ഉണ്ടായേ ? സംസ്കൃതം അല്ലെ ഭാഷകളുടെ മാതാവ് ? ദേവഭാഷ . ഇരിക്കട്ടെ അതിലും ഒന്ന് .

  • suresh_1970suresh_1970 February 2012 +1 -1

    അപ്പോ മലയാള ഭാഷയുടെ പിതാവ് സംസ്കൃതത്തിനെ ആണോ പരിണയിച്ചേ ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഏയ് തട്ടിക്കൊണ്ടു പോന്നു. പക്ഷെ അഹങ്കാരം ലേശം കുറച്ചു മുല്ലപ്പൂ മാല ചൂടിച്ചു. കെട്ടാന്‍ പറ്റിയില്ല .അപ്പോഴേക്കും ചെന്തമിഴ് കേസുകൊടുത്തു
    എന്നെ ഡിവോഴ്സ് ചെയ്തിട്ട് മതി മാരീജെന്നു .

  • ponnilavponnilav February 2012 +1 -1

    കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
    ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍
    സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിത-
    ങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!

  • ponnilavponnilav February 2012 +1 -1

    എന്തുകൊണ്ടാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവായി കണക്കാക്കുന്നത് ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    സ്പഷ്ടം ഭൂമി മറയ്ക്കലിന്ദു തെളിയും, വീണ്ടും മുഹൂര്‍ത്തത്തില-
    പ്പുഷ്ടശ്രീരവി മൂടിയാലുമുയരും പക്ഷം കഴിഞ്ഞാല്‍ മതി;
    ദുഷ്ടക്കാലമഹാഗ്രഹത്തിനിരയായീ 'രാജരാജേ'ന്ദു! ഹാ!
    കഷ്ടം 'രോഹിണി' യക്കലേശനെയിനിക്കാണില്ല കേണാലുമേ.

    കവി : കുമാരനാശാന്‍
    കൃതി : പ്രരോദനം

  • menonjalajamenonjalaja February 2012 +1 -1

    രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്.
    മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.

    ശരിയാണോ ഉത്തരം?


    വിക്കിയില്‍ നിന്ന് കോപ്പിയടിച്ചതാണ്.

  • mujinedmujined February 2012 +1 -1

    ജലജേച്ചി ശരികേടൊന്നുമുണ്ടെന്നു തോന്നുന്നില്ല 8-|

    ദേവാനാം പ്രിയനാണു ഞാനയി, ഭവാന്‍ ദേവപ്രിയന്‍ കേവലം!
    ശ്രീവാഴും കടമാണു തേ പുര, മെനിക്കിങ്ങുള്ളതെല്ലാം കടം!
    ഭൂവാനോര്‍വരനാം ഭവാനു പടയുണ്ടൂണിന്നെനിക്കിശ്ശിവന്‍-
    കോവില്‍പെട്ടൊരുണക്കലാണു പട! ഞാനങ്ങയ്ക്കു തുല്യന്‍, പരന്‍!

  • ponnilavponnilav February 2012 +1 -1

    ജലജേച്ചി ,
    മുകളില്‍ പറഞ്ഞതെല്ലാം ശരി തന്നെ . സംസ്കൃത വാക്കുകള്‍ മലയാളത്തിലേക്ക് എടുത്തപ്പോള്‍ മലയാള പ്രത്യയങ്ങള്‍ ചേര്‍ത്ത് ഭാഷയ്ക്ക്‌ വലിയൊരു പദസമ്പത്ത് നല്‍കി എന്നതാണ് ആദ്യം പറയേണ്ട കാര്യം . മുമ്പുണ്ടായിരുന്നവര്‍ സംസ്കൃത പ്രത്യയം മാറ്റാതെ തന്നെയാണ് സംസ്കൃത വാക്കുകള്‍ ഉപയോഗിച്ചത്. അപ്പോള്‍ അത് മോരും മുതിരയും പോലെ തിരിഞ്ഞു നിന്നു. എഴുത്തച്ഛന്‍ ഉണ്ടാക്കിയ ശ്രേഷ്ഠമായ പദസമ്പത്ത് മലയാള ഭാഷയെ തമിഴില്‍ നിന്നു രക്ഷിച്ചു . സംസ്കൃതത്തിന്റെ പ്രത്യക്ഷ സ്വാധീനം ഇല്ലാതാക്കി . മലയാളം എന്ന ഭാഷയ്ക്ക്‌ ഒരു വ്യക്തിത്വം നല്‍കി.
    ചെറുശ്ശേരിയാണ് ലളിതമായ മലയാള വാക്കുകള്‍ ഉപയോഗിച്ചത് . പക്ഷെ സാധാരണക്കാരന്റെ ഭാഷയെ അംഗീകരിക്കാന്‍ അത്ര എളുപ്പത്തില്‍ കഴിയില്ലല്ലോ ? മാത്രമല്ല കിളിപ്പാട്ട് പോലെ ജനപ്രിയമായില്ലല്ലോ കൃഷ്ണഗാഥ. എഴുത്തച്ഛനു ഒരു സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ സ്ഥാനം കൂടി നല്‍കുന്നതില്‍ തെറ്റില്ലല്ലോ ഭക്തി പ്രസ്ഥാനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ . ഒരേ പോലെ ഭാഷക്കും സമൂഹത്തിനും സംഭാവന നല്‍കിയ വ്യക്തി എന്ന സ്ഥാനം എഴുത്തച്ഛനു ഉണ്ട് .

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    എഴുത്തച്ഛനു =D>

  • devadasacdevadasac December 2012 +1 -1

    ഭ്രൂലാസ്യശ്രീവിലാസാൽ ഭുവനമിതഖിലം കാത്തുപോരുന്ന നിൻതൃ-
    ക്കാലാണാലംബമെന്നായ്ക്കരുതുയടിപണീഞ്ഞീടുവോനല്ലയോ ഞാൻ
    കാലാരിപ്രാണനാഥേ! കദനജലധിയിൽപെട്ടു കഷ്ടപ്പെടാൻ മേ
    മേലാ, മേലാലിവണ്ണം വരുവതു തവകീർത്തിയ്ക്കുതാനാർത്തിമൂലം
    (വൃത്തം : സ്രഗ്ദ്ധര)

    (ആരുടെ ശ്ലോകമാണെന്നറിയില്ല)

  • mujinedmujined December 2012 +1 -1

    കരകള്‍ കവിയുമാറായ്‌ വെള്ളമേന്തും കുളത്തി-
    ന്നൊരുവഴി പരിരക്ഷയ്ക്കോവു വെക്കുന്നുതല്ലോ;
    തെരുതെരെയഴല്‍ തിങ്ങും മാനസത്തിന്നുറക്കെ-
    ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു

    കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി

  • devadasacdevadasac December 2012 +1 -1

    തദനു മദനലീലാലോലബാലാബലാളീ
    വദനകമലലീനൈരീക്ഷണൈരിന്ദ്രലോകേ
    അരമത സുരപാളീലാളിതോ ദേവരാജോ
    മരകതമണിലീലാമന്ദിരേ മന്ദമന്ദം

    (വൃത്തം : മാലിനി)

    കുഞ്ചൻ നമ്പ്യാർ

  • menonjalajamenonjalaja December 2012 +1 -1

    മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം ശ്രേയ ഇത്യാലപന്തം
    പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോമന്ദരോദ്ധാരകൂര്‍മ്മം
    ഉത്തുംഗാതാമ്രരാജന്‍ നഖരഹിമകരജ്യോത്സ്നയാ ചാശ്രിതാനാം
    സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം

    കവി : മേല്‍പത്തൂര്‍
    കൃതി : നാരായണീയം (100:9)
    വൃത്തം : സ്രഗ്ദ്ധര

  • devadasacdevadasac December 2012 +1 -1

    ഉണ്ടാവാമൊരുപാടുമാറ്റമുലകിന്നൊന്നായിരുന്നോരു നാം
    രണ്ടാവാമിരുപേരുമങ്ങനെ മറന്നേയ്ക്കാം കുറെച്ചെല്ലുകിൽ
    മിണ്ടാതെൻപ്രിയതോഴി നീ പുറകിൽ വന്നന്നാദ്യമായോമന-
    ച്ചുണ്ടാലേകിയ ചുംബനോൾപ്പുളകമോ മായാമരിപ്പോളവും!

    (പ്രേംജി - നാൽക്കാലികൾ)
    വൃത്തം : ശാർദ്ദൂലവിക്രീഡിതം

  • menonjalajamenonjalaja December 2012 +1 -1

    മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
    രാകാചന്ദ്രനു നാണമാം വദനവും മാര്‍മാലയും മുദ്രയും
    ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ്‌ കുറിക്കൊണ്ടു ഞാന്‍
    പോകുന്നേന്‍ ഭഗവന്‍! ജനാര്‍ദ്ദന, ഭവല്‍ കാരുണ്യപാഥേയവാന്‍

    കവി : പൂന്താനം
    വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

  • devadasacdevadasac December 2012 +1 -1

    അമ്മാവിൻ കൊമ്പിലേറിക്കൊതിയൊടു മധുരം മാമ്പഴം തിന്നിടുമ്പോ-
    ളമ്മാവൻ കമ്പുമായിച്ചുവടിലടിമുടിക്കോപവും പൂണ്ടു വന്നാൻ
    ചെമ്മേയെൻ മാതുലൻ തൻ പദകമലമണിഞ്ഞെന്നെ രക്ഷിച്ച നിന്നേ
    നിർമ്മായം കുമ്പിടുന്നേൻ കഴലിണ ചതുരൻ കട്ടുറുമ്പിൻ കുറുമ്പേ!

    ഹരിദാസ് മംഗലപ്പിള്ളി
    വൃത്തം : സ്രഗ്ദ്ധര

  • mujinedmujined December 2012 +1 -1

    ചൂടില്ലാത്തോരു ഫാലം, ചുടലയില്‍ നടമാടാത്ത ചീലം, മതിത്തെല്‍
    ചൂടീടാത്തൊരു ചൂഡം, പരമൊരു പുഴകൂടാത കോടീരഭാരം,
    ഓടും മാന്‍പേട തേടാതൊരു കരകമലം, ചാരുതെങ്കൈലയില്‍പ്പോയ്‌
    നീടാര്‍ന്നീടാത നാഥം, തരുണിയൊടയുതം,ദൈവതം നൈവ ജാനേ.

    വൃത്തം : സ്രഗ്ദ്ധര

  • devadasacdevadasac December 2012 +1 -1

    ഓലമേഞ്ഞപുര നാലുപാടുമിറയങ്ങൾ ചേലിയലുമാറു കൈ-
    യ്യാല വേലിയിൽമുഴുക്കെ മൽപ്രിയ തിരുമ്മിയിട്ട ചില ശീലകൾ
    കാലവൈരിവിഹരിച്ചിടും ചുടല ചോലതൻ കരയിൽ രാജവെ-
    മ്പാല പാർക്കുമൊരു പാലയും വലിയൊരാലുമുള്ളതു മമാലയം

    വൃത്തം : കുസുമമഞ്ജരി
    ആരുടെ കൃതി എന്നറിയില്ല.

  • srjenishsrjenish December 2012 +1 -1

    ഇവിടെന്താ ആകെപ്പാടെ ഒരു ബഹളം?? :)

  • mujinedmujined December 2012 +1 -1

    കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
    യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
    പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ-
    മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.

    കവി : സി. വി. വാസുദേവഭട്ടതിരി
    കൃതി : നാരായണീയം തര്‍ജ്ജമ
    വൃത്തം : കുസുമമഞ്ജരി

  • devadasacdevadasac December 2012 +1 -1

    പേറ്റുനോവവിടെ നിന്നിടട്ടെ രുചിയറ്റു ദേഹബലശോഷണം
    കൂട്ടിടേണ്ട മലമൂത്രശയ്യയിലൊരാണ്ടു നീക്കുവതുമങ്ങിനെ
    ഗർഭമാം ചുമടിനുള്ള കൂലിയതുപോലുമേകുവതിനാകുകി-
    ല്ലെത്രയോഗ്യതയെഴുന്ന പുത്രനുമഹോ മഹാജനനി! കൈതൊഴാം

    പി.സി.മധുരാജ്
    (തർജ്ജമ - ആസ്താം താവദീയം[ ശങ്കരാചാര്യർ ] )
    വൃത്തം : കുസുമമഞ്ജരി

  • srjenishsrjenish December 2012 +1 -1

    ഗന്ധം ചേര്‍ന്നിതളുള്ള പൂനിര ചൊരിഞ്ഞീടട്ടെ കാറെപ്പൊഴും,
    ചിന്തും സ്വര്‍നദിവീചിശീതളമലം വീശട്ടെ മന്ദാനിലന്‍;
    ചന്തം ചേര്‍ത്തണയട്ടെയാറൃതുവുമൊത്തുദ്യാനശോഭയ്ക്കിനി
    സ്വന്തം രശ്മി സുഖം വിരിച്ചു ശശിയും ചുറ്റട്ടെ ദിക്കൊക്കെയും.

    കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
    കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ
    വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം


    എന്നോടാണോ കളി... ഞാനും കണ്ടു ആ സൈറ്റ്... :-)) :-))

  • devadasacdevadasac December 2012 +1 -1

    ചുട്ടിക്കാരന്റെ സർഗ്ഗപ്രതിഭവിശദമായ്ക്കാട്ടുമത്യുഗ്രവേഷം
    കെട്ടിത്തീക്കണ്ണുരുട്ടിക്കടുതരമലറിപ്രീതരാം പ്രേക്ഷകൻ മാർ
    ഞെട്ടിപ്പോം മട്ടു രൗദ്രം പടുതയൊടുതകർത്താടി രംഗം ചവുട്ടി-
    പൊട്ടിയ്ക്കും നെല്ലിയോടിൻ ചൊടിപെരുകിന ചെന്താടിതൻ ധാടി കേമം!

    രാമചന്ദ്രൻ നായർ, മുൻ ചീഫ് സെക്രട്ടറി
    വൃത്തം : സ്രഗ്ദ്ധര


    ഇത് ഉമേഷ് ജിയുടെ ആ സൈറ്റിൽ കാണില്ല. ഞാൻ പഠിച്ചതേ ചൊല്ലാറുള്ളൂ, പകർത്തൽ പതിവില്ല....

  • mujinedmujined December 2012 +1 -1

    >>>ഞാൻ പഠിച്ചതേ ചൊല്ലാറുള്ളൂ,<<<< നല്ല കാര്യം.<br /> എന്തായാലും ഞാന്‍ കോപ്പിയടിയാ ;;)

    ഞാനിത്ര വേഗത്തിലുറങ്ങുമെന്നീ-
    ബ്ബലിഷ്ഠനാം വേട്ടവനോര്‍ത്തിരിക്കാ;
    ഇവന്നു രാമയണ വായനയ്ക്കെ-
    ന്നനുജ്ഞകിട്ടയ്കിലബദ്ധമെന്തോ?

    വള്ളത്തോള്‍

  • devadasacdevadasac December 2012 +1 -1

    ഇന്നത്തേ മലയാളസാഹിതി കഴമ്പില്ലാത്തതാണെന്നു ഞാൻ
    ചൊന്നാലെന്നൊടു ശണ്ഠകൂടുവതിനായാളുണ്ടു നൂറിൽ പുറം
    എന്നാലും പറയാതെവ,യ്യൊരുതരം തട്ടിപ്പുവെട്ടിപ്പിലാ-
    ണിന്നെൻ കൈരളി നിന്നിടുന്നതുയശോസമ്പന്നയെന്നാകിലും

    വൃത്തം : ശാർദ്ദൂലവിക്രീഡിതം
    ആരുടേതാണെന്നറിയില്ല

  • mujinedmujined December 2012 +1 -1

    ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും ഞാന്‍
    ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
    താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു-
    ണ്ടാവൂ, ഞാനെന്തു ചെയ്വൂ? സഹനപടുതെയില്ലാതെ വല്ലാതെയായേന്‍.

    കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള
    വൃത്തം : സ്രഗ്ദ്ധര

  • devadasacdevadasac December 2012 +1 -1

    തേനില്ലാ നിറമില്ലതെല്ലൊരഴകില്ലാരാമഭംഗിയ്ക്കുമി-
    ന്നാരും നിന്നെ വളർത്തുകില്ല മധുപന്മാരും വരി,ല്ലെങ്കിലും
    ദേവൻ തന്റെ ശിരസ്സിലും സുകൃതമാണ്ടുള്ളോരു ഗേഹത്തിലും
    നീ രാജിപ്പു വിശുദ്ധയായ തുളസീ! വിഷ്ണുപ്രിയേ! വന്ദനം

    കല്ലൂർ സരള അന്തർജ്ജനം
    വൃത്തം : ശാർദ്ദൂലവിക്രീഡിതം

  • mujinedmujined December 2012 +1 -1

    ദേവാനാം പ്രിയനാണു ഞാനയി, ഭവാന്‍ ദേവപ്രിയന്‍ കേവലം!
    ശ്രീവാഴും കടമാണു തേ പുര, മെനിക്കിങ്ങുള്ളതെല്ലാം കടം!
    ഭൂവാനോര്‍വരനാം ഭവാനു പടയുണ്ടൂണിന്നെനിക്കിശ്ശിവന്‍-
    കോവില്‍പെട്ടൊരുണക്കലാണു പട! ഞാനങ്ങയ്ക്കു തുല്യന്‍, പരന്‍!

    കവി : ഒറവങ്കര
    വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

  • devadasacdevadasac December 2012 +1 -1

    ഈ ശ്ലോകം മുകളിൽ ഒരു തവണ ചേർത്തതാണല്ലോ.....?

  • mujinedmujined December 2012 +1 -1

    @ Devdas, sorry [-O<
    ദയിതനായിത നാളുകളെന്നുമെ-
    ന്നകമിതാ കമിതാവിനെയോര്‍ക്കവേ
    പെരിയ മാരിയമര്‍ത്തിയ മാറെഴും
    ഘനസമാനസമാധിയിലാണ്ടുപോയ്‌

    കവി : രാജേഷ്‌ വര്‍മ്മ
    വൃത്തം : ദ്രുതവിളംബിതം

  • devadasacdevadasac December 2012 +1 -1

    പ,ണ്ടാ വടക്കേച്ചിറയൊന്നു ചെന്നു
    കണ്ടാൽക്കുളിച്ചീടണമെന്നു തോന്നും
    പണ്ടാരമാം വാഴ്ചയിലിന്നതൊന്നു
    കണ്ടാൽ കുളിച്ചീടണമെന്നു തോന്നും

    ആരുടേതെന്നറിയില്ല
    വൃത്തം : ഇന്ദ്രവജ്ര

  • mujinedmujined December 2012 +1 -1

    പെണ്മണിവദനം കണ്ടാല്‍
    വെണ്മതി
    രണ്ടെന്നു മേവിടുന്ന മനം
    ഉണ്മ നിനച്ചിതിലെല്ലാം
    വെണ്മ തിരണ്ടെന്നു മേ വിടും നമനം?

    കവി : എ. ആര്‍. രാജരാജവര്‍മ്മ
    വൃത്തം : ഗീതി

  • devadasacdevadasac December 2012 +1 -1

    ഉച്ചയ്ക്കൂണുകഴിഞ്ഞശേഷമുടനേ കുഞ്ഞുങ്ങളാഹ്ലാദമോ-
    ടുച്ചത്തിൽച്ചിരിതൂകിയേറെ വിളയാടീടുന്ന നേരത്തു, ഞാൻ ;
    ഒച്ചയ്ക്കൊട്ടുകനം കൊടുത്തു വടിയാലപ്പിഞ്ചുകുഞ്ഞുങ്ങളെ-
    ത്തച്ചീടുമ്പൊളകത്തെവേദന പുറത്താരുണ്ടറിഞ്ഞീടുവാൻ

    സമസ്യാപൂരണം (മായന്നൂർ ചിത്രൻ)
    വൃത്തം : ശാർദ്ദൂലവിക്രീഡിതം

  • mujinedmujined December 2012 +1 -1

    ഒരിടത്തൊരിടത്തൊരു സക്കറിയാ
    അവനോതിയ കിസ്സകളാര്‍ക്കറിയാം?
    പുഴുവും പഴുതാരയുമീശ്വരനും
    കലരുന്നൊരു വാങ്മയമെന്തു രസം!

    കവി : രാജേഷ്‌ വര്‍മ്മ
    വൃത്തം : തോടകം

  • devadasacdevadasac December 2012 +1 -1

    പൂവിൽപ്പാഞ്ഞലയന്ന ചിത്രശലഭത്തെപ്പൊയ്പ്പിടിയ്ക്കാനുമാ
    മാവിൽക്കേറി മതിർത്തമാങ്ങകൾ പറിക്കാനും നുറുക്കാനുമേ;
    രാവിൽച്ചേർന്നുകിടന്നുകൊണ്ടു കഥയോരോന്നേ കഥിയ്ക്കാനു,മെൻ
    ദേവിയ്ക്കെന്തിനുമന്നു താനൊരുവനേ വേണം തുണയ്ക്കെപ്പൊഴും
    (പ്രേംജി - കളിത്തോഴി)

    വൃത്തം : ശാർദ്ദൂലവിക്രീഡിതം

  • suresh_1970suresh_1970 December 2012 +1 -1

    കവിതകളിലെ ചിത്രശലഭങ്ങളെയും ക്ലാവര്‍ ആഡ്യന്‍ ഡൈമന്‍ ചിഹ്നങ്ങളെയും എഡിറ്റു ചെയ്തു പോസ്റ്റിയാല്‍ വായനക്കാരനു കുറച്ചുകൂടി ഹൃദ്യമായേനെ !!!

  • sushamasushama February 2013 +1 -1

    രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും
    ദേവന്‍ സൂര്യനുദിക്കുമിക്കമലവും കാലേ വിടര്‍ന്നീടുമേ
    ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ
    ദൈവത്തിന്‍ മനമാരുകണ്ടു പിഴുതാന്‍ ദന്തീന്ദ്രനപ്പത്മിനീം

  • mujinedmujined February 2013 +1 -1

    എന്നായാലും മരിക്കും, വിധിയുടെ വിഹിതം പോലെയല്ലോ നടക്കും,
    പിന്നീടെങ്ങാന്‍ ജനിക്കാം, മധുഹരകരുണാപാത്രമായെങ്കിലാവാം;
    ഒന്നേ മോഹിപ്പു - വീണ്ടും ധരണിയില്‍ വരുവാനാണു മേ യോഗമെന്നാ-
    ലെന്നും നന്ദാത്മജന്‍തന്‍ പദയുഗമകമേ വാഴണം വാഴുവോളം.

  • sushamasushama February 2013 +1 -1

    ഓങ്കാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ1 -
    യാങ്കാരമായതിനുതാന്‍ തന്നെ സാക്ഷിയതു
    ബോധം വരുത്തുവതിനാളായി നിന്ന പര -
    മാചാര്യരൂപ; ഹരിനാരായണായ നമഃ

  • mujinedmujined February 2013 +1 -1

    ബുക്കും വായനയും മറന്നു സിനിമാഗാനം നുകര്‍ന്നീടുവാ-
    നൊക്കുമ്പോളുളവാം രസസ്രുതി നുണച്ചുംകൊണ്ടിരുന്നീടവേ,
    ആര്‍ക്കും വേണ്ട പരീക്ഷയെന്ന പരമാദര്‍ശം, ജയിയ്ക്കുന്നതി-
    ന്നൂക്കുണ്ടാവതിലില്ലൊരത്ഭുത, മിതാണിന്നത്തെ വിദ്യാഗതി.

  • devadasacdevadasac April 2013 +1 -1

    ആരാ കർണ്ണനു വൈരി?,രാവണനെവൾക്കാണഗ്രജൻ? കേൾ, മുറു-
    ക്കാനെന്തിന്നില?പായചുറ്റുകുഴലായ് തീരുന്നതെപ്പോൾ സഖേ?
    ഏതിൻ ദാർഢ്യമതാണുദാർഢ്യ?മുയരെക്കാറ്റിൽപ്പറക്കുന്നതോ?
    "പാർത്ഥൻ, ശൂർപ്പണഖയ്ക്കു, വെറ്റില,ചുരുട്ടുമ്പോ,ളുരുക്കിൻ, പൊടി!"

    അത്തിപ്പറ്റ രവി
    ശാർദ്ദൂലവിക്രീഡിതം
    " എ "

  • mujinedmujined April 2013 +1 -1

    ഏറ്റം നീളും വലിച്ചാല്‍, പലവിധവടിവായ്‌ മാറുവാനെന്തെളുപ്പം
    മുറ്റീടും വെണ്മയാദ്യം പകരുമതുക്രമാല്‍ കൂരിരുട്ടിന്നു നേരായ്‌
    നാറ്റം പാരം പരത്തും, ദഹനിലെരിയാതില്ല നാശം നിനച്ചാല്‍
    രാഷ്ട്രീയക്കാരുമിങ്ങാ റബറതുമൊരുപോല്‍, കൈരളിക്കാര്‍ത്തിയോര്‍ത്താല്‍.

    കവി : ബാലേന്ദു
    വൃത്തം : സ്രഗ്ദ്ധര

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion