എന്റെ സാഹിത്യ പരീക്ഷണങ്ങള്‍
  • menonjalajamenonjalaja October 2012 +1 -1

    ജെനിഷ്,
    ജെനിഷാനന്ദസ്വാമികൾ ആവാതിരിക്കാൻ ശ്രമിക്കുക. പപ്പടം കാച്ചാനുള്ള അവസരം നഷ്ടപ്പെട്ടുപോകും.

  • AdminAdmin October 2012 +1 -1

    :-)

  • srjenishsrjenish November 2012 +1 -1

    "സത്യമാണെന്നു ചൊല്ലിയാല്‍
    അസത്യം സത്യമാകുമോ?
    സത്യമില്ലാത്ത ലോകത്ത്
    അസത്യം സത്യമായിടും!”

  • menonjalajamenonjalaja November 2012 +1 -1

    വന്നപ്പോഴേക്കും തുടങ്ങിയോ???????

    വിശ്വമലയാളസമ്മേളനത്തിനു പോയിരുന്നുവോ??

  • srjenishsrjenish November 2012 +1 -1

    എന്തിന്?

    ഞാനൊരു രാഷ്ട്രീയക്കാരനല്ല... ;-)

  • menonjalajamenonjalaja November 2012 +1 -1

    കാണിയാകാൻ എന്തിന് രാഷ്ട്രീയം!!!

  • ponnilavponnilav November 2012 +1 -1 (+1 / -0 )

    നേര്‍ച്ചക്കോഴികള്‍

    ഒരിക്കല്‍ അമ്മ പറഞ്ഞു :
    ‘മകളെ നിലത്തു നോക്കി നടക്കണം .
    കല്ലും മുള്ളുമുണ്ട്.
    കല്ലില്‍ തട്ടി വീഴരുത് .
    മുള്ളുകൊണ്ട് മുറിയരുത്’
    മകള്‍ തലയാട്ടി .
    കല്ലും മുള്ളും നോക്കി നടന്നു .
    എന്നിട്ടും കല്ലും മുള്ളും തറച്ചു പിടഞ്ഞു.

    ഇന്ന് മകള്‍ അമ്മയോട് പറയുന്നു:
    ‘അമ്മേ നിലത്തു നോക്കി നടക്കരുത് .
    തലയ്ക്കു ചുറ്റും കണ്ണുകള്‍
    പന്തം പോലെ എരിയണം.
    കല്ലിനെയും മുള്ളിനെയും പേടിക്കേണ്ട.
    കണ്ണുകള്‍ പന്തം പോലെ കത്തണം .’

    മകള്‍ തലയ്ക്കു ചുറ്റും കത്തുന്ന പന്തങ്ങളുമായി
    പോരുകോഴിയെപ്പോലെ കാവലിരുന്നിട്ടും
    അമ്മയുടെ പപ്പും പൂടയുമില്ലാത്ത ശരീരം
    പൂമുഖത്ത് ചോരകൊണ്ട് കളമെഴുതി .
    പൊരുന്നു കോഴിയെപ്പോലെ കാര്‍പ്പിച്ചു .

    മകള്‍ കരഞ്ഞില്ല .
    നെഞ്ചിലൊട്ടിക്കിടന്ന കുരുന്നിനെ
    വീറോടെ നോക്കി : ‘മകളെ
    നിന്നെ കൊല്ലണോ ? തിന്നണോ?’

  • suresh_1970suresh_1970 November 2012 +1 -1

    ഭേഷ് !!!

  • srjenishsrjenish November 2012 +1 -1

    നിളയുടെ തിരിച്ചുവരവ് തന്നെ കൊലപാതകവുമായാണല്ലോ... :-(

  • ponnilavponnilav December 2012 +1 -1

    jenish ,
    ഇതിനെ തിരിച്ചു വരവ് എന്ന് പറയാമോ എന്ന് അറിയില്ല . ഒരു എത്തിനോട്ടം എന്ന് വിളിക്കാം .

    എന്റെ എഴുത്ത് ഒരു 'കൊലപാതകം' ആയി തോന്നുന്നുണ്ടല്ലേ കൊള്ളാം .
    ഇനിയും 'കൊല' പ്രതീക്ഷിക്കാം .

  • aparichithanaparichithan December 2012 +1 -1

    =D> =D> =D> =D> =D> =D>

  • ponnilavponnilav December 2012 +1 -1 (+2 / -0 )

    ഉപ്പുതൂണ്
    കടല്‍തീരത്തെ മണലില്‍ തളര്‍ന്നു കിടന്നുകൊണ്ട്
    അവള്‍ ആകാശത്തോട് പറഞ്ഞു.
    'എനിക്കൊരു സ്വപ്നമുണ്ട് .'
    ആകാശം നക്ഷത്രക്കണ്ണുകള്‍ വിടര്‍ത്തി ചെവിടോര്‍ത്തു.
    'നിന്റെ മാറില്‍ കളിക്കുന്ന നക്ഷത്രക്കുരുന്നുകളെ താരാട്ടുപാടി ഉറക്കണം '
    ഒരു താരാട്ടിന്റെ ഈണത്തില്‍ അവള്‍ പറഞ്ഞു.
    തൊണ്ടയില്‍ കണ്ണീര്‍ തടഞ്ഞു.
    ആകാശത്തിന്റെ കണ്ണുകള്‍ നിറഞ്ഞു അതില്‍ നിന്ന് ഒരു തുള്ളിയടര്‍ന്ന്
    അവളുടെ ഒട്ടിക്കിടക്കുന്ന വയറിനു മേല്‍ വീണു. അത് കാണെ കാണെ
    ഒരു നദിയായി ഒഴുകിപ്പരന്നു. കടലായി തിരകള്‍ കൊണ്ട് മൂടി .
    അതില്‍ ഒരു പൊങ്ങുതടിപോലെ കിടന്നു കൊണ്ട്
    അവള്‍ ആകാശത്തെ പ്രതീക്ഷയോടെ നോക്കി.
    'നീ എന്റെ മനസ്സറിയുന്നില്ലേ?
    എന്റെ ശരീരം വിഴുങ്ങാനാര്‍ക്കുന്ന കഴുകന്‍ കണ്ണുകള്‍
    കാണുന്നില്ലേ? രാത്രിയുടെ നിശ്ശബ്ദതയില്‍ , പകലിന്റെ ഏകാന്തതയില്‍
    ഞാന്‍ വേട്ടയാടപ്പെടുന്നത് നീ കാണുന്നില്ലേ?'

    നക്ഷത്രക്കുരുന്നുകളെ തന്റെ മാറിലടക്കിപ്പിടിച്ചു ആകാശം വീണ്ടും കരഞ്ഞു.
    ആ കണ്ണീരിന്റെ ഉപ്പു തിന്ന് അവള്‍ ആകാശത്തിന്റെ അടുത്ത്,
    നക്ഷത്രക്കുരുന്നുകളുടെ ചാരെ എത്തി .
    അവരെ കൊതിയോടെ നോക്കി.
    'നീയെനിക്ക് ഇവരില്‍ നിന്ന് ഒന്നിനെ തരില്ലേ.
    കണ്ണില്ലാതെ, ചെവിയില്ലാതെ
    ആരെങ്കിലും ഉപേക്ഷിച്ചതായാലും മതി.'

    ആകാശം തല കുടഞ്ഞു. കണ്ണുകളിറുക്കി അടച്ചു.
    'നീയും കൂടി എന്റെ കൂടെ വരൂ.
    നമുക്ക് ഈ കുരുന്നുകളെ താരാട്ട് പാടി ഉറക്കാം '.
    അവള്‍ ചുരന്ന മാറിടത്തിന്റെ നനവുള്ള പാട്ടുകള്‍ പാടാന്‍ തുടങ്ങി.
    അത് കണ്ടു ആകാശം ചിരിച്ചു . അവളും ചിരിച്ചു. ചിരിച്ചു ചിരിച്ചു പ്രകാശം പരന്നു.
    പ്രകാശത്തിന്റെ ചൂടില്‍ വെള്ളം നീരാവിയായി .അവള്‍ ഉപ്പു തൂണായി ഉറച്ചു.
    കണ്ണീര്‍ പൊഴിക്കുന്ന ഉപ്പു തൂണായി അവള്‍ ആകാശത്തോട് കേണു .
    'നിനക്കെന്നെ വേണ്ടേ ?'
    അത് കേട്ടിട്ടും കേള്‍ക്കാതെ ഒരു വന്ധ്യമേഘം ആകാശത്തിന് കുറുകെ
    ചെവികളടച്ചു നീന്തിപ്പോയി .

    -- ജയന്തി അരുണ്‍

  • ponnilavponnilav December 2012 +1 -1

    പതിനഞ്ചു വര്ഷം മുമ്പ് എഴുതിയ കഥയാണ്‌ . പി.ജി .ക്ക് പഠിക്കുന്ന സമയത്ത്. :-D

  • AdminAdmin December 2012 +1 -1

    ജയന്തി എന്നാണോ ശരിക്കും ഉള്ള പേര്?

  • srjenishsrjenish December 2012 +1 -1

    ഹഹഹ... ഇനിയും എത്രയെത്ര വേഷങ്ങള്‍ കെട്ടിയാടേണ്ടതുണ്ട്.. കാറ്റു പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ... :) :)

  • srjenishsrjenish December 2012 +1 -1

    എന്തായാലും കവിത കൊള്ളാം... ചിലര്‍ എന്തുണ്ടാക്കിയാലും എരിവ് സ്വല്പം കൂടുതല്‍ ചേര്‍ക്കും.. നിള എന്തെഴുതായാലും ശോകമാണ് സ്ഥായി..

    ലഡു ഉണ്ടാക്കുമ്പോഴെങ്കിലും ഉപ്പും മധുരവും ചേര്‍ക്കാന്‍ മടിക്കല്ലേ!! B-)

  • menonjalajamenonjalaja December 2012 +1 -1

    പി ജിക്കു പഠിക്കുന്ന സമയത്ത് പഠിക്കാതെ കഥയെഴുതിനടക്കുകയായിരുന്നു അല്ലേ? എന്നിട്ടും ഒന്നാം റാങ്ക്. ആളൊരു ബുദ്ധിരാക്ഷസിയാണല്ലോ. :) :)

  • ponnilavponnilav December 2012 +1 -1

    അഡ്മിന്‍ ,
    എന്റെ പേര് ജയന്തി അരുണ്‍ എന്ന് തന്നെ . ഇതുവരെ പറഞ്ഞില്ല കാരണം എനിക്ക് എവിടെ നില്‍ക്കുമ്പോള്‍ അങ്ങനെ ഒരു മറ ആവശ്യമായിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. ഞാന്‍ എവിടെ നിന്ന് മടങ്ങുന്നു. ഒരു യാഥാസ്ഥിതിക സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ വാക്കുകള്‍ വളരെ സൂക്ഷിച്ചേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഏതൊരു പുരോഗമനവാദിയുടെ ഉള്ളിലും ഒളിഞ്ഞിരിക്കുന്ന കള്ളനാണയങ്ങള്‍ നാം കാണാതെ പോകരുത് . ഇതിന്റെ ഇരകള്‍ ആയവര്‍ എന്റെ ചുറ്റും ധാരാളമുണ്ട് .
    നിള എന്നത് ഒരു കള്ളപ്പേര് അല്ല . മകളുടെ പേരാണ് എന്ന് മാത്രം. മകളുടെ പേരില്‍ ഉണ്ടാക്കിയ അക്കൌണ്ട് ഞാന്‍ എന്റെതാക്കിയതാണ്. മോളുടെ പേര് നിളാ പൌര്‍ണമി . പ്രൊഫൈല്‍ ചിത്രവും അവളുടേത്‌ തന്നെ ആയിരുന്നു.
    ഞാന്‍ ഈ ഇരുപത്തൊന്നിനു നാട്ടിലേക്ക് മടങ്ങുന്നു . ജോലി രാജി വച്ചു.അതിനാലാണ് ശരിക്കുള്ള പേര് തന്നെ ആവട്ടെ എന്ന് തീരുമാനിച്ചത്.
    ക്ഷമിക്കുക ഇതുവരെ മകളുടെ പേര് കടം എടുത്തതിനു.

    ജെനിഷ് ,
    ജീവിതത്തില്‍ വേഷം പലതും കെട്ടേണ്ടി വരും. അതിനു വിലയും കൊടുക്കേണ്ടി വരും . ഞാനും കൊടുത്തിട്ടുണ്ട്‌.. .പറയാനുള്ള പലതും വിഴുങ്ങേണ്ടിവരുന്ന അവസ്ഥ

  • ponnilavponnilav December 2012 +1 -1 (+1 / -0 )

    ജലജേച്ചി ,
    അന്ന് കാലം അതായിരുന്നു. ഊണിലും ഉറക്കത്തിലും സാഹിത്യം മാത്രമുണ്ടായിരുന്ന കാലം. ഓരോ വാക്കും സ്വര്‍ണം പോലെ മാറ്റ് നോക്കി ഉപയോഗിച്ച് കൊണ്ടിരുന്ന കാലം . റാങ്ക് കാലത്തിന്റെ ഒരു ശിക്ഷയായിട്ടാണ് തോന്നുന്നത് . നിനക്ക് അര്‍ഹതയില്ലാത് ഇരിക്കട്ടെ. ആ കുറ്റബോധം കൊണ്ടെങ്കിലും നീ നന്നാവു എന്ന് കാലം എന്നോട് പറയുന്നു.
    ഇന്നും ഞാന്‍ പഠിച്ച കോളേജ് എന്നെ സ്നേഹത്തോടെ സ്വീകരിക്കും . ഈ പതിനഞ്ചു കൊല്ലം കഴിഞ്ഞും ഞാന്‍ ചെന്നാല്‍ അവര്‍ പേരിലൂടെ എന്നെ തിരിച്ചറിയും . അത് റാങ്ക് എന്ന പേരിലല്ല. രണ്ടാം റാങ്ക് കിട്ടിയ മാര്‍ക്കിനേക്കാള്‍ നൂറു മാര്‍ക്കില്‍ കൂടുതല്‍ വ്യത്യാസത്തില്‍ ഒന്നാം റാങ്ക് നേടിയതിനാണ്. ആ കുട്ടികളുടെ മുന്നില്‍ എന്റെ തല കുനിയുന്നത് കുറ്റബോധം കൊണ്ടാണ്. എന്റെ ഗുരുക്കന്മാരുടെ കണക്കില്‍ പറഞ്ഞാല്‍ ഏറ്റവും വഷളായ പി.ജി . വിദ്യാര്‍ഥിയായിരുന്നു ഞാന്‍ . ക്ളാസ്സില്‍ നോട്ടിനു പകരം കഥയും കവിതയും എഴുതുന്ന, ഉത്തരക്കടലാസില്‍ ചോദ്യം തെറ്റാണെന്ന് വാദിക്കുന്ന കുരുത്തം കെട്ട ഒരു വിദ്യാര്‍ഥിനി. കാലം റാങ്ക് കൊണ്ട് എന്നോട് കണക്കു തീര്‍ത്തു. ഇനിയെങ്കിലും ഞാന്‍ നന്നാവും എന്ന് കരുതി. എന്നിട്ടും .........................................................

  • ponnilavponnilav December 2012 +1 -1

    ജെനിഷ്,
    ശോകം അല്ല സ്ഥായി. സമൂഹം എന്നെ കരയിക്കുന്നു. ലോകത്തിലെ ഒരു പുല്‍ക്കൊടിയുടെ ദു:ഖം പോലും എന്റേത് ആണെന്ന് തോന്നിയാല്‍
    എനിക്ക് കരയാനല്ലാതെ എവിടെ നേരം. എന്റെ വിഹ്വലതകള്‍ ആണ് അവ.
    :-((

  • srjenishsrjenish December 2012 +1 -1

    നിള.. നാട്ടിലെത്തിയാലും ഇടയ്ക്കെങ്കിലും മഷിത്തണ്ടിനെ ഓര്‍ക്കുക..

    ###എന്നിട്ടും .........................................................

    എന്നിട്ടും നന്നായില്ലേ???? ;;)

  • ponnilavponnilav December 2012 +1 -1

    jenish,
    ഇനി മഷിത്തണ്ടിനെ എന്നും ഓര്‍ക്കാന്‍ കഴിയും . തിരക്ക് കുറഞ്ഞല്ലോ?. നാട്ടിലെത്തിയിട്ട് വേണം സമയത്തിന് പദപ്രശ്നം കളിക്കാന്‍ . ഞാന്‍ ജോലിയില്‍ ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചു. ഗവേഷണം പൂര്‍ത്തിയാക്കണം.

    എങ്ങനെ നന്നാവാനാ ?
    പഠിച്ചതെ പാടൂ .
    വിതച്ചതെ കൊയ്യൂ .
    ചൊട്ടയിലെ ശീലം .......

    അറിയില്ലേ പഴഞ്ചൊല്ലില്‍ പതിരില്ല. :-)) :-))

  • kadhakarankadhakaran December 2012 +1 -1

    ജയന്തീ,

    താങ്കളുടെ യഥാര്‍ത്ഥപേര് അതല്ലെന്ന് പണ്ടേ ഞാന്‍ പറഞ്ഞിരുന്നു. അന്നത് താങ്കള്‍ സമ്മതിച്ചില്ല.(അതില്‍ പരിഭവമൊന്നും ഇല്ല കേട്ടോ. കഥാകരന്‍ തന്നെ ഒരു മിഥ്യയല്ലേ). കാരണം ഒരു റാങ്ക് ഹോള്‍ഡറും "നിള" എന്ന പേരില്‍ ഇല്ലെന്ന് എനിക്ക് നന്നായിട്ടറിയാം എന്നതു തന്നെ. ഞാന്‍ കണ്ടുപിടിച്ചത് ശരിയാണെങ്കില്‍ താങ്കള്‍ പഠിച്ചത് St. Augustine`s വിദ്യാലയത്തിലാണ്. (ഇത് തെറ്റാണെങ്കില്‍ ഞാന്‍ സമ്മതിക്കുന്നു - എനിക്ക് താങ്കളെ അറിയില്ല=; ).

    സത്യമല്ലെങ്കിലും, സത്യം എന്നെങ്കിലും വിജയിക്കും എന്നു വിശ്വസിക്കാനാണെനിക്കുമിഷ്ടം.

    എല്ലാവിധ ആശംസകളും.... തുടര്‍ന്നും എഴുതുക. മഷിത്തണ്ടില്‍ സജീവമാകുക.
    കഴിയുമെങ്കില്‍ പൊരുതുകയും പോരാടുകയും ചെയ്യുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക.

    ലോഹിതദാസാകാതെ, പത്മരാജനാകുക.

  • kadhakarankadhakaran December 2012 +1 -1

    ഒന്നു കൂടി പറയട്ടെ,

    "നിളാപൗര്‍ണമി" എന്നതല്ല, "നിലാപൗര്‍ണമി" എന്നതാണ് കൂടുതല്‍ അനുയോജ്യം :-D

  • srjenishsrjenish December 2012 +1 -1

    അവസാനം ഈ ജയന്തിയാണ് നമ്മുടെ ‘പ്രഫസര്‍ ജയന്തി’ എന്നൊന്നും പറഞ്ഞേക്കല്ലേ കഥാകാരാ... :)

  • ponnilavponnilav December 2012 +1 -1

    ########ഞാന്‍ കണ്ടുപിടിച്ചത് ശരിയാണെങ്കില്‍ താങ്കള്‍ പഠിച്ചത് St. Augustine`s വിദ്യാലയത്തിലാണ്. (ഇത് തെറ്റാണെങ്കില്‍ ഞാന്‍ സമ്മതിക്കുന്നു - എനിക്ക് താങ്കളെ അറിയില്ല ). #

    താങ്കള്‍ ശരി തന്നെ . ഞാന്‍ പഠിച്ചത് മുവാറ്റുപുഴ St. Augustine`s തന്നെ. എങ്ങനെ കണ്ടു പിടിച്ചു . facebook?

    നിള പാസ്പോര്‍ട്ടില്‍ ഉള്ള പേരാണെന്ന് ഞാന്‍ പറഞ്ഞത് സത്യമല്ലേ ?. മോളുടെതാണെന്ന് മാത്രം. നിളാ പൗര്‍ണമി എന്ന പേര് ഞങ്ങള്‍ വളരെ ആലോചിച്ചു ഇട്ടതാണ്. നിളയോടുള്ള സ്നേഹം കൊണ്ട് തന്നെ .

  • menonjalajamenonjalaja December 2012 +1 -1

    ക്ളാസ്സില്‍ നോട്ടിനു പകരം കഥയും കവിതയും എഴുതുന്ന, ഉത്തരക്കടലാസില്‍ ചോദ്യം തെറ്റാണെന്ന് വാദിക്കുന്ന കുരുത്തം കെട്ട ഒരു വിദ്യാര്‍ഥിനി.

    ഇത് ഒരു മോശം വിദ്യാർത്ഥിയുടെ ലക്ഷണമല്ല പലപ്പോഴും. അത് തിരിച്ചറിയാൻ അദ്ധ്യാപകർക്ക് കഴിയണം. അദ്ധ്യാപിക എന്ന നിലക്ക് നിളയ്ക്കതിനുകഴിഞ്ഞിട്ടുണ്ട? :)

  • menonjalajamenonjalaja December 2012 +1 -1

    ജോലിയിലെ ആ ഇടവേള എനിക്കിഷ്ടപ്പെട്ടു. നാട്ടിലെ college lectures ഇവിടെ വന്ന് school teachers ആകുന്നത് കാണുമ്പോൾ എനിക്ക് കഷ്ടം തോന്നാറുണ്ട്. ആ ഗതികേട് കൂടുതലും സ്ത്രീകൾക്കാണല്ലോ . അത്തരക്കാരെ കാണുമ്പോൾ എനിക്ക് 36 ചൌരംഗി ലെയ്ൻ എന്ന സിനിമ ഓർമ വരും.

  • menonjalajamenonjalaja December 2012 +1 -1

    കഥാകാരൻ ഡിറ്റക്ടീവ് കഥാകാരനാണല്ലേ? :)


    ഞാൻ കുറെ മുമ്പൊരിക്കൽ fbയിൽ നിളാപൌർണമി ഉണ്ടോ എന്നുനോക്കിയിരുന്നു. കണ്ടില്ല. ഇപ്പോൾ ഇന്നു നോക്കിയപ്പോൾ കണ്ടു.

  • menonjalajamenonjalaja December 2012 +1 -1

    നിളാപൌർണമി വളരെ നല്ല പേര് തന്നെ. നിള എന്നു മാത്രമായി ഞാൻ എന്റെ മകൾക്ക് നിർദ്ദേശിച്ചിരുന്നു.


    നിളാദേവി നിത്യം നമസ്തേ എന്നൊരു പാഠം പഠിക്കാനുണ്ടായിരുന്നു ഞങ്ങൾക്ക്.

  • menonjalajamenonjalaja December 2012 +1 -1

    കടല്‍തീരത്തെ മണലില്‍ തളര്‍ന്നു കിടന്നുകൊണ്ട്
    അവള്‍ ആകാശത്തോട് പറഞ്ഞു.


    സിനിമയിലും കഥയിലുമൊക്കെ ഇതു കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ഒരു ആണായി ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചിട്ടുമുണ്ട്. ( ആകെ രണ്ടോ മൂന്നോ അവസരത്തിലേ ഞാൻ അങ്ങനെ വിചാരിച്ചിട്ടുള്ളൂ എന്നുകൂടി എഴുതട്ടെ.)
    എനിക്ക് ഇത്തരം മണൽപ്രദേശങ്ങളുമായി ഒരു ബന്ധവുമില്ല. അനുഭവസ്ഥർ പറയുന്നത് ഈ മണൽപരപ്പൊക്കെ നടക്കാൻ പോലും കഴിയാത്ത വിധം വൃത്തികെട്ടതാണെന്ന്. ശരിയാണോ എന്തോ?

  • srjenishsrjenish December 2012 +1 -1

    മണലില്‍ കിടന്ന് മേലോട്ട് നോക്കാന്‍ ആണായി ജനിക്കണോ ചേച്ചീ.. :-))

  • menonjalajamenonjalaja December 2012 +1 -1

    ഏതെങ്കിലും ഒരു സിനിമയിൽ അല്ലെങ്കിൽ കഥയിൽ സ്ത്രീകൾ അങ്ങനെ ചെയ്യുന്നുണ്ടോ? ഇതൊക്കെ ആണുങ്ങൾക്കുമാത്രം പറഞ്ഞിട്ടുള്ളതാണ്.

  • srjenishsrjenish December 2012 +1 -1

    ഹഹഹ... നമ്മുടെ പഴയ പ്രധാനമന്ത്രി പോലും ബീച്ചില്‍ പോയി മുകളിലോട്ട് നോക്കി കിടക്കുന്നത് കണ്ടില്ലേ ചേച്ചീ.. ;;)

  • aparichithanaparichithan December 2012 +1 -1

    മുഖം മൂടികൾ വലിച്ചെറിയാനും ചങ്കൂറ്റം വേണം.
    ഇപ്പോഴും മറഞ്ഞുനില്ക്കുന്നവർ ഇനിയെന്നാണാവോ പുറത്ത് വരുന്നത്?

    >>>കഥാകാരൻ ഡിറ്റക്ടീവ് കഥാകാരനാണല്ലേ?>>>
    ചേച്ചീ, അതിൽ വല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാൻ മനസ്സിലാക്കിയേടത്തോളം ഈ കഥാകാരനും മൂവാറ്റുപുഴക്കാരൻ തന്നെ. ;-)


    ക്ലാസ്സിലിരുന്ന് കഥയും കവിതയുമൊന്നും എഴുതിയിരുന്നില്ലെങ്കിലും ഞാനും ഒരു കുരുത്തം കെട്ട വിദ്യാർഥി ആയിരുന്നു.
    പക്ഷെ എന്നെയും പലരും തിരിച്ചറിഞ്ഞില്ല.. :-(




  • menonjalajamenonjalaja December 2012 +1 -1

    പ്രധാനമന്ത്രിയെ മറ്റുള്ളവർ കൊണ്ടുപോയി കിടത്തിയതല്ലേ ,സ്വയം പോയി കിടന്നതല്ലല്ലോ.

  • srjenishsrjenish December 2012 +1 -1

    സോറി.. പ്രധാനമന്ത്രി അല്ല പ്രസിഡന്റ്...

  • srjenishsrjenish December 2012 +1 -1 (+1 / -0 )

    എന്റെ സമ്പാദ്യം :-

    എന്റെ കൂടെ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വിദേശത്ത് ജോലിക്ക് പോയിട്ട് ലീവിനു വന്നിട്ടുണ്ടെന്നറിഞ്ഞ് ഒന്നു പോയി കണ്ടുകളയാമെന്ന് കരുതി. ഭാഗ്യം, കക്ഷി വീട്ടിലുണ്ട്. ദീര്‍ഘനാള്‍ കാണാതിരുന്നതുകൊണ്ട് ധാരാളം വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു. നാട്ടിലുണ്ടായ വിശേഷങ്ങളൊക്കെ വളരെ ചുരുക്കമായി വേഗത്തില്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു. എനിക്കറിയേണ്ടത് അദ്ദേഹത്തിന്റെ വിദേശത്തുള്ള ജീവിതാനുഭവങ്ങളായിരുന്നു. അത് അദ്ദേഹം ഒരു യാത്രാവിവരണം പോലെ പറഞ്ഞുതുടങ്ങി.

    “ഞാന്‍ ആഫ്രിക്കയിലേക്കാണ് ജോലിക്ക് പോയത്. നമ്മള്‍ ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിക്കുന്നിടത്തേക്ക്. അനേകം യാത്രകള്‍ ചെയ്ത് അവസാനം നൈജീരിയായിലെ ‘സിറാലിയോണ്‍‌‘ എന്ന സ്ഥലത്തെത്തി. അവിടുത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജോലി കിട്ടിയത്. നാം കണ്ടും കേട്ടും പരിചയപ്പെട്ടിട്ടുള്ളതില്‍ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജാലങ്ങളും സമൂഹവും. അവിടുത്തെ സ്കൂള്‍ അന്തരീക്ഷവും ആഹാരവും വിദ്യാര്‍ത്ഥികളുമൊക്കെ എന്നില്‍ അത്ഭുതവും ഉല്‍കണ്ഠയും ഉണ്ടാക്കി. അവിടുത്തെ ഭാഷയായ ‘സ്വാഹിലി’ ഞാന്‍ പഠിക്കാന്‍ തുടങ്ങി. അദ്ധ്യാപകരെ ദൈവത്തെപ്പോലെ കാണുന്ന വിദ്യാര്‍ത്ഥികളുടെ മനോഭാവവും പെരുമാറ്റവും എനിക്ക് പുതിയ അനുഭവമായിരുന്നു.കുട്ടികള്‍ എന്തെങ്കിലും തെറ്റു ചെയ്യുകയോ നാം അവരെ ശകാരിക്കുകയോ ചെയ്താല്‍ അവര്‍ തറയില്‍ സാഷ്ടാംഗം വീണ് കാലുപിടിച്ചു ക്ഷമ ചോദിക്കുന്ന രീതി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും. നല്ല ശമ്പളവും ഉന്നത പദവിയും കിട്ടിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.

    ശമ്പളത്തില്‍ നിന്നും ചെറിയ ഒരു സംഖ്യ അടച്ച് വിലകൂടിയ ഒരു കാര്‍ ഞാന്‍ സ്വന്തമാക്കി. വിദേശ അദ്ധ്യാപകര്‍ക്ക് അവിടെ എല്ലാ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. പക്ഷേ ഒരു പ്രശ്നമുണ്ട്. അവിടെനിന്നും സമ്പാദിക്കുന്നതൊന്നും രാജ്യത്തിനു പുറത്തുകൊണ്ടുപോകാന്‍ അവിടുത്തെ നിയമം അനുവദിക്കുകയില്ല. എത്ര ഉയര്‍ന്ന ശമ്പളമായാലും വളരെ കുറഞ്ഞ ഒരു തുക മാത്രമേ നാട്ടിലേക്കയയ്ക്കാന്‍ കഴിയൂ. അനേകനാള്‍ അവിടെ ജോലിചെയ്ത് ഉണ്ടാക്കിയ എന്റെ സമ്പാദ്യമൊന്നും എനിക്ക് കൂടെ കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ധനം ഇന്ത്യന്‍ കറന്‍സി ആക്കിയേ കൊണ്ടുവരാന്‍ കഴിയൂ. ചുരുക്കത്തില്‍ സമ്പാദിച്ചതെല്ലാം അവിടെ വച്ച് അനുഭവിച്ചിട്ട് അവിടെത്തന്നെ ഉപേക്ഷിച്ചുപോരണം.“ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചെറിയ ഒരു ശോകഭാവം എനിക്കനുഭവപ്പെട്ടു. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടറിയാം എന്നു മനസ്സില്‍ കരുതി ഞാന്‍ തിരികെപ്പോന്നു.

    വീട്ടിലേക്കുള്ള വഴിയിലുടനീളം അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ എന്റെ മനസ്സ് ഉടക്കിനിന്നു. “ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് അവിടെ ഉപേക്ഷിച്ചിട്ടുവേണം മടങ്ങിപ്പോരാന്‍‌. പിന്നെ കുറച്ചു ധനം ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം!!” എന്റെ ചിന്തകള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി.

    ഇതുതന്നെയല്ലേ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്? ഒരായുസ്സുമുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ഇവിടെ ഉപേക്ഷിച്ചിട്ടല്ലേ എല്ലാവരും അന്ത്യയാത്ര ചെയ്യുന്നത്? ഒരു പൈസ പോലും ആ യാത്രയില്‍ നമുക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ! എന്റെ കൂട്ടുകാരന് സിറാലിയോണിലെ നാണയത്തെ ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം. അതുപോലെ നമ്മുടെ ജീവിത സമ്പാദ്യത്തെ മറ്റൊന്നാക്കി മാറ്റിയാല്‍ അന്ത്യയാത്രയില്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയുമോ? ‘കഴിയും’ എന്ന് എന്റെ അന്തരംഗം മന്ത്രിച്ചു!! ആഫ്രിക്കന്‍ നാണയത്തെ ഇന്ത്യന്‍ നാണയമാക്കിയതുപോലെ നമ്മുടെ സമ്പാദ്യത്തേയും പുണ്യമാക്കി മാറ്റിയാല്‍ അത് പരലോകത്തേക്ക് കൊണ്ടുപോകാം. പൂക്കളുടെ സുഗന്ധം വായു എപ്രകാരമാണോ വഹിച്ചുകൊണ്ടുപോകുന്നത് അതുപോലെതന്നെ ഈ ജീവന്‍ പുണ്യത്തെ വഹിച്ചുകൊണ്ട് പരലോകത്തേക്ക് പോകുന്നു എന്ന് ഉപനിഷത്തുക്കളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. ധനം സത്പ്രവൃത്തികള്‍ക്കും സന്മാര്‍ഗ്ഗത്തിലും ഉപയോഗിച്ചാല്‍ പുണ്യമാക്കി മാറ്റാം. അല്ലാതെ മറ്റൊരു രീതിയിലും ഒരു പൈസ പോലും അന്ത്യയാത്രയില്‍ ഉപയോഗപ്പെടുകയില്ല. ഈ തത്വം ഗ്രഹിച്ചു ജീവിച്ചാല്‍ ഇന്ന് ലോകത്തുകാണുന്ന എല്ലാം ദുഃഖങ്ങള്‍ക്കും പ്രതിവിധിയാകും എന്നത് സത്യമായിത്തന്നെ ഞാനറിഞ്ഞു. ചിന്തയുടെ തീവ്രതയില്‍ എന്റെ വീടും കടന്ന് ഞാന്‍ മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്നു. ‘എവിടെ പോകുന്നു’ എന്ന പരിചയക്കാരന്റെ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്. ഞാന്‍ തിരികെ നടന്നു.

  • mujinedmujined December 2012 +1 -1

    ‘എവിടെ പോകുന്നു’ എന്ന പരിചയക്കാരന്‍ ചോദിച്ചിരുന്നില്ലെങ്കില്‍??????????????????

  • menonjalajamenonjalaja December 2012 +1 -1

    ജെനിഷ്. ആ സുഹൃത്ത് ഒന്നും തന്നില്ലേ . ഷർട്ട്, പെർഫ്യൂം എങ്ങനെ എന്തങ്കിലും?
    സാധാരണ അങ്ങനെയൊക്കെയല്ലേ വിദേശസുഹൃത്തുക്കൾ!! :) :) ഇനി അതൊഴിവാക്കാനാണോ പ്രാരാബ്ധം പറഞ്ഞത്?

  • srjenishsrjenish December 2012 +1 -1

    @Mujeeb

    അങ്ങ് പോയിരുന്നെങ്കില്‍ ചെന്ന് നില്‍ക്കുന്നത് കനാലിന്റെ കരയിലാ.. വിളിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ചേച്ചിയുടെ പദപ്രശ്നം miss ആയേനേ.. :-ss

    @Chechi


    എത്ര കൈലിയും പെര്‍ഫ്യൂമും വേണം.. ഞാന്‍ അങ്ങോട്ട് കൊടുക്കാം... ഞാനും വിദേശത്തല്ലേ.. എന്നാലും ചേച്ചി പറഞ്ഞപ്പൊ ഒരു സംശയം, ഇനി അതുകൊണ്ടായിരിക്കുമോ? ഏയ്, അവന്‍ അങ്ങനെ ചെയ്യില്ല.. എന്നാലും... :/ :/ :/ :/

  • aparichithanaparichithan December 2012 +1 -1

    >>ചുരുക്കത്തില്‍ സമ്പാദിച്ചതെല്ലാം അവിടെ വച്ച് അനുഭവിച്ചിട്ട് അവിടെത്തന്നെ ഉപേക്ഷിച്ചുപോരണം.>>

    ഇത്രയും എത്തിയപ്പോൾ തന്നെ മനസ്സിലായി, ജെനീഷ്‌ കനാൽ റൂട്ടിലേക്കാണെന്ന്...;-)

    ഇത്‌ ഗുണപാഠം പറയാനായി മാത്രം സൃഷ്ടിച്ചതാണോ അതല്ല ശരിക്കും ആ നാട്ടിൽ അങ്ങനെയൊരു നിയമമുണ്ടോ?

  • vivekrvvivekrv December 2012 +1 -1

    ഇപ്പോളും സജീവമായി ഇവിടെയുള്ള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്


    നിളയ്ക്ക് എല്ലാ ആശംസകളും

  • ponnilavponnilav December 2012 +1 -1

    @ aparichithan
    **മുഖം മൂടികൾ വലിച്ചെറിയാനും ചങ്കൂറ്റം വേണം. **
    മുഖംമൂടി വലിച്ച് എറിയാനല്ല അണിഞ്ഞു ഒളിച്ചിരിക്കാനാണ് ചങ്കൂറ്റം വേണ്ടത്. :-D

  • devadasacdevadasac December 2012 +1 -1

    മുക്തകം - " ബാല്യസഖി "

    ഇല്ലത്തുള്ളിടനാഴിതന്നിലൊരുനാ-
    ളൊറ്റയ്ക്കു കണ്ടന്നു ഞാൻ
    മുല്ലപ്പൂവണിമാല നിന്റെ മുടിയിൽ
    ചൂടിച്ചതോർക്കുന്നുവോ?
    മെല്ലെ കൈവിരലൊന്നുതൊട്ട നിമിഷം
    നാണിച്ചു നേർത്തുള്ള നിൻ
    ചെല്ലക്കണ്ണിണ കൂമ്പിനിന്നു വിടരാൻ
    വെമ്പുന്ന പൂമൊട്ടുപോൽ !

  • ponnilavponnilav December 2012 +1 -1

    മോളുടെ അനുവാദത്തോടെ കട്ടെടുത്ത പേരിനുള്ളില്‍ ഒളിച്ചിരിക്കുന്പോള്‍ പറഞ്ഞതെല്ലാം സത്യമായിരുന്നെങ്കിലും ഞാന്‍ ഒരു നുണയായിരുന്നില്ലേ ?
    ഒരു പക്ഷെ നാമെല്ലാം എത്ര നുണകളാണ് സ്വയം പറഞ്ഞു പഠിപ്പിക്കുന്നത്‌ . ഇല്ല ഞാന്‍ നുണ പറഞ്ഞിട്ടില്ല എന്നാണു പറയുന്നതെങ്കില്‍ അതാവും ഏറ്റവും വലിയ നുണ .
    ഞാന്‍ ഏറ്റവും അധികം നുണ പറഞ്ഞിട്ടുള്ളത് എന്നോട് തന്നെയാണ് എന്ന തിരിച്ചറിവ് നല്ലതാണ് . ചെറുപ്പം മുതല്‍ എത്ര നുണകളാണ്
    ഞാന്‍ പറഞ്ഞിട്ടുള്ളത് ? മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്‌ ?
    ആദ്യമൊന്നും മനസ്സിനെ പഠിപ്പിക്കുന്നത്‌ നുണകള്‍ ആണ് എന്ന് എനിക്കറിയില്ലായിരുന്നു . സത്യത്തിന്റെ നേര്‍ത്ത വെള്ളിരേഖകള്‍ എപ്പോഴും ആ നുണകള്‍ക്ക് മേലെ തിളങ്ങിയിരുന്നു.അത് കണ്ടു ലഹരിയിലായിരുന്ന മനസ്സു വെറുതെ അഹങ്കരിച്ചു .
    തറവാട്ടു മുറ്റത്തെ പാണ്ടിമാവിന്റെ കൊമ്പത്ത് പഴുത്തുതുടുത്തു നില്‍ക്കുന്ന മാമ്പഴം വീഴ്ത്തിത്തരാന്‍ 'കാറ്റേ വാ മാമ്പഴം താ' എന്ന് വിളിക്കും കാറ്റ് വിളിപ്പുറത്ത് കാത്തിരുന്നത് പോലെ എത്തും. ഒന്നല്ല ഒരു കൊട്ട മാമ്പഴം തരും . എന്ത് ആവേശത്തോടെയാണ് ഞാന്‍ വിളിച്ചിട്ടാണ് കാറ്റ് വന്നതെന്ന് അഹങ്കരിച്ചത്‌ .
    ഞാന്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം തറവാട്ടില്‍ നില്‍ക്കുന്നു. ബാക്കിയെല്ലാവരും ഓണത്തിനും വിഷുവിനും പിറന്നാളിനും വിരുന്നിനു വരുന്നവര്‍ .
    ഏട്ടനും അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും ഒപ്പം എന്ത് സന്തോഷമുള്ള കാലം .പക്ഷെ അതിനിടയിലും മുത്തശ്ശനും മുത്തശ്ശിക്കും എന്നോടാണ് സ്നേഹം കൂടുതലെന്ന് ഞാന്‍ വേഗം മനസ്സിനെ പഠിപ്പിച്ചു . മുത്തശ്ശനും മുത്തശ്ശിയും സ്നേഹവേഷങ്ങള്‍ അഴിച്ചു വച്ച് മടങ്ങിയിട്ടും നുണ മനസ്സിന്റെ ഭിത്തികളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു
    ഏതു മുത്തശ്ശനും മുത്തശ്ശിയുമാണ്‌ പേരക്കുട്ടികളെ പലതായി കാണുന്നത്.
    അവര്‍ നോക്കുമ്പോള്‍ എല്ലാ പേരക്കുട്ടികളും ചേര്‍ന്ന് ഒരു കുട്ടിയേയുള്ളൂ.

    ഇനിയുമുണ്ട് ഓര്‍മ ഉറച്ചനാള്‍ മുതല്‍ മനസ്സിനെ പഠിപ്പിച്ച ഒരുപാട് നുണകള്‍ .
    നുണകള്‍ ആണെന്ന് തിരിച്ചറിയാന്‍ വൈകിയത് .
    ഇനിയും തിരിച്ചറിയാത്തത് .
    ഈ നുണകളില്ലെങ്കില്‍ എങ്ങനെ ജീവിക്കും ?

  • ponnilavponnilav December 2012 +1 -1

    @ ദേവദാസ് ,
    മുക്തകം നന്നായി.
    വൃത്തം തെറ്റാതെ കവിത എഴുതാനറിയുന്നവര്‍
    വിരളമായിക്കൊണ്ടിരിക്കുന്നു.
    ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ഭംഗി മുക്തകത്തിനു
    ഉണ്ട് . :) =D> =D> =D>

  • aparichithanaparichithan December 2012 +1 -1

    @ ദേവദാസ്

    =D> =D> =D> =D> =D>

  • devadasacdevadasac December 2012 +1 -1

    പൊൻ നിലാവിനും അപരിചിതനും നന്ദി.

  • aparichithanaparichithan December 2012 +1 -1

    >>ഈ നുണകളില്ലെങ്കില്‍ എങ്ങനെ ജീവിക്കും ? >>

    ജീവിതം തന്നെ വലിയൊരു നുണയാണെന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ടല്ലോ?! :)

    നിളയുടെ അമ്മ 'വിശ്വരൂപം' വീണ്ടും മാറ്റിക്കളഞ്ഞതെന്തേ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion